വീരന്റെ മനസിലിരുപ്പ് അവ്യക്‍തം; കോണ്‍ഗ്രസില്‍ ആകുലത, ജെഡിയു യുഡിഎഫ് വിടില്ലെന്ന് സുധീരൻ

ശനി, 9 ജനുവരി 2016 (11:32 IST)
യുഡിഎഫിൽ അവഗണന നേരിടുകയാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാര്‍ വേദി പങ്കിടുകകൂടി ചെയ്‌തതോടെ കോണ്‍ഗ്രസില്‍ ആകുലത വര്‍ദ്ധിക്കുന്നു. ജെഡിയു യുഡിഎഫ് വിടുമെന്ന ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ പറഞ്ഞു. ആത്മവിശ്വാസം നഷ്ടപ്പെട്ട എല്‍ഡിഎഫ് യുഡിഎഫിലെ കക്ഷികളെ അടർത്തിയെടുക്കാൻ ശ്രമിക്കുകയാണ്. യു.ഡി.എഫ് കൂടുതൽ ജനപിന്തുണ ആർജിച്ച് ശക്തിയായി തന്നെ മുന്നോട്ട് പോവുമെന്നും അദ്ദേഹം  ജനരക്ഷാ മാർച്ചിന്റെ ഭാഗമായി കോഴിക്കോട് വെച്ചു പറഞ്ഞു.

യുഡിഎഫിന് കൃത്യമായ നയങ്ങളും നിലപാടുകളുമുണ്ട്. അതിൽ നിന്ന് വ്യതിചലിക്കുന്നവർക്ക് മുന്നണിയിൽ സ്ഥാനമുണ്ടാവില്ല. ജെഎസ്എസ് നേതാവ് എഎൻ രാജൻബാബുവിന്റെ നിലപാടിനെ പരോക്ഷമായി സൂചിപ്പിച്ച് സുധീരൻ പറഞ്ഞു.

മന്ത്രിമാർ മാദ്ധ്യമ പ്രവർത്തകരോട് മാത്രമല്ല ജനങ്ങളോടും നല്ല രീതിയിൽ പെരുമാറണം എന്നാണ് പറയാനുള്ളത്. മന്ത്രി കെപി മോഹനൻ മാദ്ധ്യമങ്ങളോട് മോശമായി പെരുമാറിയത് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമായി അറിയില്ലെന്നും സുധീരൻ പറഞ്ഞു.

വീരേന്ദ്രകുമാറിന്റെ സിപിഎം അടുപ്പത്തിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീരനുമായി വ്യാഴാഴ്‌ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടതുപാളയത്തിലേക്ക് വീരനും സംഘവും മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി സംസാരിച്ചത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ കോൺഗ്രസ് നടപടിയെടുക്കാത്തതില്‍ ജെഡിയുവിന് അമര്‍ഷം രൂക്ഷമായിരിക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് കാലുവാരിയയെന്ന് വീരേന്ദ്രകുമാറും സംഘവും കേരളത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് പറഞ്ഞത്. ജെഡിയു ഇടതുമുന്നണിയിലേക്ക് അടുക്കുന്നതിന്‍റ സൂചന വ്യക്തമായതോടെയാണ് മുഖ്യമന്ത്രി വീരേന്ദ്രകുമാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.

വെബ്ദുനിയ വായിക്കുക