മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു; രാജി ദളിത് വിഷയം സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍
ചൊവ്വ, 18 ജൂലൈ 2017 (17:43 IST)
ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. ഉപരാഷ്ട്രപതി ഹാമീദ് അൻസാരിക്ക് രാജിക്കത്ത് കൈമാറി. ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളില്‍ ദളിതര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തില്‍ പ്രതിഷേധിച്ചാണ് രാജി.
ഷഹറൻപുരിലെ ഉള്‍പ്പെടെയുള്ള ദളിത്- പീഡന വിഷയം രാജ്യസഭയിൽ ഉന്നയിക്കുന്നതിനിടെ മായാവതിയെ ഡെപ്യൂട്ടി ചെയർമാൻ പിജെ കുര്യൻ തടസപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് ഇവർ രാജിപ്രഖ്യാപന ഭീഷണി ഉയർത്തി സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. വൈകിട്ട് ഉപരാഷ്ട്രപതിയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
ദളിത് പീഡന വിഷയത്തിൽ മൂന്നു മിനിറ്റാണ് മായാവതിക്കു സംസാരിക്കാൻ രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ അനുവദിച്ചത്. വിശദമായി വിഷയം അവതരിപ്പിക്കേണ്ടതുണ്ടെന്നും കൂടുതല്‍ സമയം നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതോടെയാണ് മായാവതി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപനം നടത്തിയത്.