മകന്റെ വിവാഹം മുടക്കാൻ അമ്മ ക്വട്ടേഷൻ നൽകി. സംഭവം കേരളത്തിലാണ്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്ത്രീ വിവാഹം മുടക്കാൻ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന് ക്വട്ടേഷൻ കൊടുത്തതെന്ന പരാതിയുമായി മകൻ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
വരനും പ്രതിശ്രുത വധുവും പിതാവും ഒരുമിച്ചാണ് കോടതിയിൽ എത്തിയത്. ഒടുവിൽ കേസിൽ പൊലീസ് സംരക്ഷണത്തിൽ വിവാഹം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.
വാട്‌സാപ്പിൽ മാതാവ് മകനയച്ച ഭീഷണി സന്ദേശങ്ങൾ അടങ്ങുന്ന സിഡി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്. മാതാവിന് പ്രത്യേക ദൂതൻ വഴി കോടതി നോട്ടീസ് അയച്ചെങ്കിലും കുറ്റാരോപിതയായ സ്ത്രീ സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞ് ഭർത്താവ് ഒഴിവാക്കി.
സ്ഥലം എസ്ഐ മുഖാന്തരം നോട്ടീസ് നൽകാമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചെങ്കിലും വിവാഹം അടുത്ത സാഹചര്യത്തിൽ സമയക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആവശ്യത്തിനു പൊലീസിനെ കൺവെൻഷൻ സെന്ററിലും പരിസരത്തും വിന്യസിക്കാൻ നിർദേശിച്ചു.