ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഭാവിയിൽ അടയാളപ്പെടുത്താൻ പോകുന്നത് ചിലപ്പോൾ കെ എൽ രാഹുൽ എന്ന കളിക്കാരന്റെ പേരിലായിരിക്കും. കീപ്പിങ് താരമായ ഋഷഭ് പന്തിന് തിളങ്ങാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് പൊസിഷനും മിഡിൽ ഓർഡറിൽ നിന്നും ഓപ്പണിങ് സ്ഥാനത്തേക്കുള്ള സ്ഥാനകയറ്റവും സത്യത്തിൽ രാഹുൽ എന്ന കളിക്കാരനെ കൂടുതൽ ഉത്തരവാദിത്തമുള്ളവനാക്കുന്നതിനാണ് ഇന്ത്യ കിവീസ് പരമ്പര സാക്ഷ്യം വഹിച്ചത്. കൂടതെ അവസാന മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പരിക്കേറ്റ് പിന്മാറിയപ്പോൾ പകരം നായകൻ എന്ന റോളിലും കെ എൽ രാഹുൽ തിളങ്ങി. രോഹിത്തിന്റെ അഭാവത്തില്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മത്സരശേഷം രാഹുൽ പ്രതികരിച്ചു.
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ പരമ്പരയുടെ താരമായതും കെ എൽ രാഹുൽ തന്നെയായിരുന്നു. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആകെ 224 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. ഇതോടെ ഒരു റെക്കോർഡ് നേട്ടം കൂടി രാഹുൽ സ്വന്തമാക്കി. ഒരു ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് പരമ്പരയിൽ രാഹുൽ സ്വന്തമാക്കിയത് 45, 39, 27, 57, 56 എന്നിങ്ങനെയാണ് രാഹുലിന്റെ സ്കോറുകൾ.