പരമ്പര നേടി, പക്ഷേ നാണക്കേടിന്റെ റെക്കോർഡും!!

അഭിറാം മനോഹർ

തിങ്കള്‍, 3 ഫെബ്രുവരി 2020 (12:26 IST)
ന്യൂസിലൻഡിനെതിരെ അവരുടെ നാട്ടിൽ സ്വന്തമാക്കുന്ന ആദ്യ ടി20 പരമ്പര എന്ന അഭിമാന നേട്ടം സ്വന്തമാക്കി നിൽക്കുകയാണ് ടീം ഇന്ത്യ. വെറും ഒന്നോ രണ്ടോ മത്സരത്തിന്റെ മാത്രം ബലത്തിലല്ല പരമ്പര അപ്പാടെ തൂത്തുവാരിയാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. എന്നാൽ അതേ സമയം കിവികൾക്കെതിരായ അഞ്ചാം എകദിനത്തിൽ ഒരു നാണക്കേടിന്റെ റെക്കോർഡും ഇന്ത്യയുടെ പേരിലായി. ടി20യില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത രണ്ടാമത്തെ ബൗളറെന്ന നാണക്കേടാണ് മത്സരത്തിൽ ഇന്ത്യൻ താരമായ ശിവം ദുബെ തന്റെ പേരിൽ എഴുതിചേർത്തത്.
 
കളിയുടെ പത്താമത്തെ ഓവറിലാണ് രോഹിത്തിന് പരിക്കേറ്റതിനെ തുടർന്ന് പകരം നായകനായ രാഹുൽ ദുബെയ്‌ക്ക് ബോൾ നൽകുന്നത്. റോസ് ടെയ്‌ലറും ടിം സെയ്‌ഫേര്‍ട്ടും ക്രീസിൽ. ആദ്യ രണ്ടു പന്തിലും സിക്‌സര്‍ പറത്തിയ സെയ്‌ഫേര്‍ട്ട് മൂന്നാം പന്തില്‍ ബൗണ്ടറിയും നേടി. നാലമത്തെ പന്തിൽ സിംഗിൾ നേടി സ്ട്രൈക്ക് കൈമാറി.അഞ്ചാമത്തെ പന്ത് നോ ബോള്‍. അതിൽ ടെയ്‌ലർ ബൗണ്ടറി കണ്ടെത്തുകയും ചെയ്തതോടെ 4 പന്തിൽ നിന്നും 22 റൺസ്. തുടർന്നുള്ള രണ്ട് ബോളുകളും ടെയ്‌ലർ സിക്സ് പറത്തുകയും ചെയ്തു. ഇതോടെ ദുബെയുടെ ഒരോവറിൽ മാത്രം പിറന്നത് 34 റൺസ്.
 
ഇതോടെ ഒരോവറിൽ 36 റൺസ് വിട്ടുകൊടുത്ത ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന് താഴെ ഇന്ത്യൻ താരം രണ്ടാമനായി പട്ടികയിൽ ഇടം നേടി. ടി2യിൽ ഒരോവറിൽ നിന്നും ഏറ്റവുമധിക്കം റൺസ് വിട്ടുകൊടുക്കുന്ന ഇന്ത്യൻ താരമാണ് ശിവം ദുബെ. 2016ൽ വിൻഡീസിനെതിരെ സ്റ്റുവര്‍ട്ട് ബിന്നി വഴങ്ങിയ 32 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരോവറില്‍ 26 റണ്‍സ് വഴങ്ങിയ മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് പട്ടികയിൽ മൂന്നാമതുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍