സമ്പൂർണം, കിവീസിനെ പിടിച്ചുകെട്ടി പരമ്പര തൂത്തുവാരി ഇന്ത്യ

ഞായര്‍, 2 ഫെബ്രുവരി 2020 (17:06 IST)
ഇന്ത്യ ന്യൂസിലന്‍ഡ് അവസാന ടി20 മല്‍സരവും ജയിച്ച് പരമ്പരമ്പരയിൽ സമ്പൂർണ ആധിപത്യവുമായി ടീം ഇന്ത്യ. തോൽക്കുമെന്ന് തോന്നിയ മത്സരം ഇന്ത്യൻ ബൗളർമാർ അതിവേഗം വരുതിയിലാക്കുകയായിരുന്നു. ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 164 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനേ സാധിച്ചുള്ളു. 
 
മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ബുമ്രയും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ നവ്ദീപ് സൈനും, ഷാര്‍ദൂല്‍ താക്കൂറൂമാണ് കിവീസിനെ പിടീച്ചുകെട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മ മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. എന്നാല്‍ 60 റണ്‍സില്‍ നില്‍ക്കേ താരം പരിക്കുമൂലം മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം വിക്കെറ്റില്‍ കെ എല്‍ രാഹുലും, രോഹിത് ശര്‍മയും ചേര്‍ന്ന് 88 റൺസിന്റെ കൂട്ടുകെട്ടണ് കെട്ടിപ്പടുത്തത്. രാഹുല്‍ 45 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 33 റൺസും നേടി, മനീഷ് പാണ്ഡെ നാല് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.
 
ന്യൂസിലന്‍ഡിന് തുടക്കം തന്നെ പിഴച്ചു, മാര്‍ട്ടിന്‍ ഗപ്‌ടിലിനെ ബുമ്രയും, കോളിന്‍ മണ്‍റോയെ വാഷിങ്ടണും തുടക്കത്തിൽ തന്നെ തിരിച്ചയച്ചു. 17/3 എന്ന നിലയിൽ തകർന്ന് നിൽക്കുമ്പോഴാണ് സീഫര്‍ട്ടും റോസ് ടെയ്‌ലറും അര്‍ദ്ധ സെഞ്ച്വറി നേടി രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവരും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ ജയിപ്പിക്കും എന്ന് തോന്നിച്ചു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 99 റണ്‍സ് നേടി. എന്നാൽ പിന്നീടങ്ങോട്ട് ഇന്ത്യൻ ബൗളർമാർ തകർത്താടി. അവസാന ഓവറില്‍ സോധി രണ്ട് സിക്സുകള്‍ നേടി പ്രതീക്ഷ നൽകിയെങ്കിലും പരാജയത്തിൽനിന്നും കരകയറ്റാൻ താരത്തിനായില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍