പ്രേമാഭ്യർഥന നിരസിച്ചതിന് വിദ്യാർത്ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രദർശിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Webdunia
ശനി, 19 മാര്‍ച്ച് 2016 (12:21 IST)
പ്രേമാഭ്യർഥന നിരസിച്ച കാരണത്താൽ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫിങ് ചെയ്ത് പ്രദർശിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. എടത്തുനാട്ടുകര മുണ്ടക്കുന്ന് സ്വദേശി മരുതുമ്പാറയിൽ ഹംസയുടെ മകൻ ഹംഷീറിനെ (22) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
പ്രേമാഭ്യർഥന നിരസിച്ചതിനെതുടർന്ന് ഫിബ്രവരി 20ന് യുവാവ് വിദ്യാർത്ഥിനിയുടെ മാതാവിന് ഭീഷണിക്കത്തയച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ നാട്ടുകല്‍ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫെബ്രുവരി 23ന് ഹംഷീർ മൊബൈൽഫോൺ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ്‌ചെയ്ത് നഗ്നചിത്രങ്ങളാക്കിയശേഷം കൂട്ടുകാര്‍ക്കും ചില പരിചയക്കാര്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.
 
സമീപവാസികളിൽ ഒരാളുടെ ഫോൺ ഉപയോഗിച്ചാണ്  ഹംഷീര്‍ പെൺകുട്ടിയുടെ ചിത്രം എടുത്തതും മോർഫ് ചെയ്തതും. ഫിബ്രവരി 20ന് തന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി ഉടമ പോലീസില്‍ പരാതിപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടുമായി ബന്ധമുള്ളവരെയും നിരീക്ഷിച്ചുവരികയായിരുന്നു പോലീസ്. മണ്ണാര്‍ക്കാട് സി.ഐ. പി.എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഐ.ടി. ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.