കേരള തമിഴ്നാട് അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സാന്നിധ്യം തെളിയിക്കുന്ന ഫോട്ടോ പുറത്ത്

ശനി, 31 ജനുവരി 2015 (16:11 IST)
കേരള തമിഴ്നാട് അതിര്‍ത്തിയിലെ മാവോയിസ്റ്റ് സാന്നിധ്യത്തിന് തെളിവുകള്‍ പുറത്ത്. ഒരു സ്ത്രീയടങ്ങുന്ന അഞ്ചംഗസംഘത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സൈലന്റ് വാലിയിലെ ബങ്കിത്തപാല്‍ വനമേഖലയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോയിലുള്ളത് മാവോയിസ്റ്റ് സായുധ സംഘാംഗങ്ങളായ ജയേഷ്, മഹാലിംഗം, കന്യാകുമാരിയെന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 25ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരുടെ ചിത്രം പകര്‍ത്തിയത്. ഇതാദ്യമായാ‍ണ് മാവോയിസ്റ്റുകളുടെ സാന്നിധ്യത്തിന് വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നത്. തമിഴ്നാട് ക്യു ബ്രാഞചിന് ചിത്രം കൈമാറിയിട്ടുണ്ട്.

മാവോയിസ്റ്റുകള്‍ക്കെതിരാ‍യ പൊലീസ് നീക്കം ശക്തമാക്കിയ സമയത്താണ് ചിത്രങ്ങള്‍ പുറത്തുവരുന്നത്. വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റുകളെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല. കഴിഞ്ഞ മാസങ്ങളില്‍ മാവോയിസ്റ്റുകള്‍ ക്വാറി ഓഫീസുകള്‍ക്ക് നേരേയും വനം വകുപ്പ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടത്തിയിരുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ചും ആക്രമണം നടന്നിരുന്നു. ആദിവാസി മേഖലകളില്‍ മാവോയിസ്റ്റ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലവിലുണ്ട് ഈ സാഹചര്യത്തിലാണ് ചിത്രങ്ങള്‍ പുറത്തുവരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക