നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ ആദിവാസികളില്‍ നാലുപേര്‍ക്ക് കുരങ്ങുപനി. മാഞ്ചീരിനിന്ന് ഏറെ ഉള്‍ക്കാട്ടിലുള്ള നാഗമലയിലെ ഹരിദാസന്റെ ഭാര്യ വെള്ളക (35), വരിച്ചില്‍ മലയിലെ ചാത്തി (13) എന്നിവര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. രണ്ടുപേര്‍ നേരത്തെ നാഗമലയില്‍ മരിച്ചിരുന്നു. ഇവരുടെ രക്തസാമ്പിളുകള്‍ പുണെയിലെ ലബോറട്ടറിയില്‍ വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കുരങ്ങുപനിയാണെന്ന് ഉറപ്പാക്കിയത്. വയനാട്ടിലും തമിഴ്‌നാട്, ബന്ദിപ്പൂര്‍ വനമേഖലകളിലും രോഗം വ്യാപകമാണ്. കേരളത്തില്‍ ഈ രോഗം മനുഷ്യരില്‍ ആദ്യമായാണ് കാണുന്നത്.
മേയ് ആദ്യത്തിലാണ് നാഗമലയിലെ വെള്ളകയെ പനിയെതുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വനത്തിലെത്തി നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുവന്നത്. സാധാരണ പനിയല്ലെന്ന സംശയമുണ്ടായതിനെ തുടര്‍ന്ന് വിവരം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിച്ചിരുന്നു. അതനുസരിച്ച് രക്തം ശേഖരിച്ച് വിമാനംവഴി പുണെയിലേക്ക് അയച്ചു. നാഗമലയില്‍ കുരങ്ങുപനിയെന്ന് സംശയമുണ്ടായതിനെതുടര്‍ന്ന് മറ്റു കോളനികളിലും സമാനരോഗങ്ങള്‍ കണ്ടപ്പോള്‍ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചിരുന്നു. നാഗമലയില്‍നിന്ന് എട്ടുപേരുടേയും മാഞ്ചീരിയില്‍നിന്ന് 15 പേരുടേയും വരിച്ചില്‍ മലയില്‍നിന്ന് ഏതാനും പേരുടേയും രക്തമാണ് പരിശോധനയ്ക്കയച്ചിരുന്നത്.