വികസനത്തിനായി പ്രവാസികളില്‍ നിന്നും പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 1 ജൂലൈ 2016 (10:55 IST)
നിക്ഷേപങ്ങള്‍ക്ക് ബാങ്ക് നല്‍കുന്ന പലിശയേക്കാള്‍ കൂടുതല്‍ നല്‍കി വികസന പ്രവൃത്തികള്‍ക്കായി പ്രവാസികളുടെ പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഷ്‌ടമുള്ള മേഖല തെരഞ്ഞെടുത്ത് പണം നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കു നല്‍കും. ഇതിനെ പറ്റി പ്രവാസികളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
 
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമഗ്രവും സര്‍വ്വതല സ്പര്‍ശിയുമായ  വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതിനുള്ള പ്രവര്‍ത്തനസമീപനവും അവതരിപ്പിച്ചു.  
 
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ നിക്ഷേപം പ്രയോജനപ്പെടുത്തുന്നതിനു പുറമേ കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്, വ്യക്തികളുടെയും സംഘടനകളുടെയും സംഭാവന, സക്കാത്ത് എന്നിവയൊക്കെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. 
 
ഓരോ വര്‍ഷവും ഓരോ മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. സര്‍ക്കാരിന്റെ സംരക്ഷണം ആവശ്യമുള്ള ഒട്ടേറെ കുടുംബങ്ങള്‍ കേരളത്തിലുണ്ട്. അവരുടെ പരിപാലനം നാടിന്റെ ഉത്തരവാദിത്തമാകണം. തലയണക്കടിയില്‍ വെട്ടുകത്തിയുമായി ജീവിക്കേണ്ട ഗതികേട് ആര്‍ക്കും ഉണ്ടാകരുത്. 
 
ദേശീയ പാത 45 മീറ്ററായി വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കും. സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് മികച്ച പുനരധിവാസം ഏര്‍പ്പെടുത്തും. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി, വിമാനത്താവളങ്ങളുടെ വികസനം, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കിറങ്ങാന്‍ എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും.
 
അഴിമതിയും വികസനവും ഒരുമിച്ചുപോവില്ല. വിവരാവകാശത്തിന് കാത്തുനില്‍ക്കാതെ പരസ്യപ്പെടുത്താവുന്ന വിവരങ്ങളെല്ലാം പരസ്യപ്പെടുത്തുമെന്നും പിണറായി പറഞ്ഞു. നന്ദിപ്രമേയം വോട്ടിനിട്ടാണ് പാസ്സാക്കിയത്. ബി ജെ പി അംഗം ഒ രാജഗോപാല്‍ സഭയില്‍ ഉണ്ടായിരുന്നെങ്കിലും വോട്ടിങില്‍ പങ്കെടുത്തില്ല.
Next Article