വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിർദ്ദേശം. ഇതുൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന നിയമ പ്രകാരം നടപടിയെടുക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ സർക്കുലറിൽ ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടെന്ന വാർത്ത പ്രചരിച്ചതിനാലാണ് പുതിയ സർക്കുലർ. മൊബൈൽ ഫോൺ ഉപയോഗം, സിഗ്നൽ ലൈറ്റ് ലംഘനം, നമ്പർ പ്ളേറ്റിലെ നിയമ ലംഘനം, വരി മാറി വാഹനം ഓടിക്കൽ, നിരോധിക്കപ്പെട്ട ഹോൺ ഉപയോഗം എന്നിവയെല്ലാം പരിശോധിച്ചായിരിക്കും നടപടിയെടുക്കുക.
ആദ്യ തവണ നിയമ ലംഘനം പിടികൂടിയാൽ 100 രൂപ പിഴയും ആവർത്തിച്ചാൽ 300 രൂപ പിഴയും മോട്ടോർ വാഹന നിയമ പ്രകാരം ചുമത്തണമെന്നു സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.