നിയുക്തമന്ത്രി എംഎം മണി നാളെ സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് വൈകുന്നേരം നാലരയ്ക്ക് രാജ്‌ഭവനില്‍; മന്ത്രിയായാലും നാട്ടില്‍ നിന്ന് മാറില്ലെന്ന് മണി

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2016 (09:07 IST)
പിണറായി വിജയന്‍ മന്ത്രിസഭയിലെ നിയുക്ത വൈദ്യുതമന്ത്രി എം എം മണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരയ്ക്ക് രാജ്‌ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ്. ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജന് മന്ത്രിസ്ഥാനം രാജിവെച്ചതിന്റെ ഒഴിവിലാണ് എം എം മാണി മന്ത്രിയാകുന്നത്.
 
അഞ്ചുമാസം പിന്നിടുന്ന പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണ് എം എം മണി മന്ത്രിയാകുന്നതോടെ നടക്കുന്നത്. കടകംപള്ളി സുരേന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന വൈദ്യുതിവകുപ്പ് ആണ് എം എം മണിക്ക് കൈമാറുന്നത്. അതേസമയം, ദേവസ്വം വകുപ്പ് കടകംപള്ളി തന്നെ ആയിരിക്കും കൈകാര്യം ചെയ്യുക. കൂടാതെ, എ സി മൊയ്‌തീന്‍ കൈകാര്യം ചെയ്തിരുന്ന സഹകരണവും ടൂറിസവും ഇനിമുതല്‍ കടകംപള്ളിക്ക് ആയിരിക്കും.
 
ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായ - കായിക - യുവജനക്ഷേമ വകുപ്പുകള്‍ എ സി മൊയ്‌തീന് ലഭിക്കും. ഞായറാഴ്ച സമാപിച്ച സി പി എം സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് മന്ത്രിസഭ അഴിച്ചുപണി സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടത്.
 
അതേസമയം, മന്ത്രി എന്ന നിലയില്‍ തന്നെ ഏല്പിക്കുന്ന വകുപ്പ് നന്നായി കൈകാര്യം ചെയ്യുമെന്ന് നിയുക്തമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസ്ഥാനം ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍, നാട്ടില്‍ നിന്ന് മാറി നില്‍ക്കില്ല. അടിമാലി കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നിലവിൽ ഉടുമ്പന്‍ചോല എം എല്‍ എയും സി പി എം സംസ്ഥാന സമിതി അംഗവുമാണ് എം എം മണി.
Next Article