ടയറുകള്‍ മാറ്റി വിവാദത്തിലായ മന്ത്രി എം എം മണി ഒരു ടയര്‍ കടതന്നെ ഉദ്ഘാടനം ചെയ്യാനെത്തിയാല്‍ എന്തുപറയും? പുതിയ കാറുകളൊക്കെ പറ്റീരാണ്. നാടുനീളെ ടയറ് കടകള്‍ പൊട്ടിമുളയ്ക്കട്ടെയെന്നാണ് ട്രോളർമാരെ മുന്നിൽക്കണ്ടുള്ള മന്ത്രിയുടെ ആശംസ.
34 ടയര്‍ മാറ്റി വിവാദത്തിലായ ഏഴാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തന്നെ ആയിരുന്നു നെടുങ്കണ്ടത്തെ പുതിയകടയിലെ ആദ്യ അതിഥി. ടയറിന്റെ നട്ടു തെറിച്ചുപോലും അപകടത്തില്‍പെട്ടിട്ടുള്ള ഈ വണ്ടിയെക്കുറിച്ച് മന്ത്രി എം എം മണിക്ക് നല്ലതൊന്നും പറയാനില്ല. രണ്ടിടത്താണ് അപകടത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപെട്ടതെന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടത്തു വച്ചും തിരുവനന്തപുരത്തു വച്ചും ടയറിന്റെ നട്ടുകള്‍ ഊരിയത് സൂചിപ്പിച്ചായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
പഴയ കാറാണ് കാര്‍ എന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. അഞ്ചുലക്ഷം കിലോമീറ്റര്‍ ഓടിയ ശേഷം കെ കെ ജയചന്ദ്രന് കൈമാറിയ ആ വണ്ടി ഇപ്പോഴും ഒരുകുഴപ്പവുമില്ലാതെ റോഡിലുണ്ട്. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഓടുന്നതിനെക്കാളും ഓടുന്ന വണ്ടി തന്റേതാണെന്നാണ് മന്ത്രിയുടെ സാക്ഷ്യം. നാടെങ്ങും ടയര്‍ കടകള്‍ പൊട്ടിമുളയ്ക്കട്ടെ എന്ന് ആശംസിച്ചാണ് നെടുങ്കണ്ടത്തു നിന്ന് മന്ത്രി തലസ്ഥാനത്തേക്കു പുറപ്പെട്ടത്.