സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. അറസ്റ്റിലായ പിറവം സ്വദേശി ക്രോണിൻ അലക്സാണ്ടർ ബേബിയുടെ മാതാവുമായി സംഭവദിവസം മിഷേൽ സംസാരിച്ചതായി പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു.
സംഭവദിവസം മൂന്നരയോടെയാണ് മിഷേലും ക്രോണിന്റെ മാതാവും മൊബൈല്‍ ഫോണില്‍ സംസാരിച്ചത്. ഇതിനു ശേഷമാണ് പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആകുന്നത്.
ക്രോണിന്റെ മാതാവ് മിഷേലിന് എസ്എംഎസ് അയക്കുകയും ഇതിനുള്ള പ്രതികരണമായി മിഷേൽ ഈ നമ്പറിലേക്കു തിരിച്ചു വിളിക്കുകയും ഇരുവരും സംസാരിക്കുകയുമായിരുന്നു.
ക്രോണിൻ എന്നെ വിളിച്ചിരുന്നു, മിഷേല്‍ ഫോൺ എടുക്കാത്തതിനാൽ അവളെ വിളിച്ച് സംസാരിക്കണമെന്നും പറഞ്ഞു. ഇതുപ്രകാരമാണ് മിഷേലിനെ വിളിച്ചത്. മിഷേലുമായി സംസാരിച്ചതും ഇക്കാര്യമായിരുന്നുവെന്നും മാതാവ് പൊലീസിന് മൊഴി നൽകി.
ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ക്രോണിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
അതേസമയം, രണ്ടുവർഷമായി മിഷേലുമായി അടുപ്പത്തിലായിരുന്നുവെന്നും മരണവുമായി ബന്ധമില്ലെന്നും ക്രോണിൻ വെളിപ്പെടുത്തി. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ അവസാനമായി പറഞ്ഞത്. സാധാരാണയുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമെ മിഷേലുമായി ഉണ്ടായിരുന്നുള്ളുവെന്നും ക്രോണിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.