സംസ്ഥാനത്ത് ജനം വിധിയെഴുതി, വോട്ടെല്ലാം പെട്ടിയിലായി. വോട്ടെടുപ്പ് കഴിഞ്ഞതോടെ എക്സിറ്റ് പോള്‍ പ്രവചനവും എത്തി. സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാരിലെ അഞ്ചു മന്ത്രിമാര്‍ തോല്‍ക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.
ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിലാണ് മന്ത്രിമാരുടെ കൂട്ടത്തോല്‍വി പ്രവചിക്കുന്നത്. കെ എം മാണി, കെ ബാബു, എം കെ മുനീർ, വി കെ ഇബ്രാഹിംകുഞ്ഞ്, കെ പി മോഹനൻ എന്നിവർ തോൽക്കാൻ സാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
പാലായില്‍ നിന്ന് ഇതുവരെ തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത കെ എം മാണി പാലായില്‍ തോല്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇടതിലും വലതിലും ഇല്ലാതെ ഒറ്റയ്ക്ക് പോരാടിയ പി സി ജോര്‍ജ് പൂഞ്ഞാറില്‍ ജയിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
മന്ത്രിമാരായ കെ സി ജോസഫും പി ജെ ജോസഫും ജയിക്കും. മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാറിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ അഴീക്കോട് മണ്ഡലത്തില്‍ നികേഷ് തോല്ക്കുമെന്നാണ് പ്രവചനം. എന്നാല്‍, ആറന്മുളയില്‍ വീണ ജോര്‍ജ് ജയിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
തൃശൂരിൽ പദ്മജ വേണുഗോപാൽ സി പി ഐ സ്ഥാനാർഥി വി എസ് സുനിൽ കുമാറിനോട് തോൽക്കും.
കോൺഗ്രസിനെ മറികടന്ന് മുസ്‌ലിം ലീഗ് യു ഡി എഫിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.