മിൽമ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഐഎൻടിയുസി, സിഐടിയു, എഐടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സഹകരണ പെൻഷൻ നടപ്പാക്കുക, സ്റ്റാഫ് പാറ്റേൺ അട്ടിമറിച്ച് പുറംകരാർ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമയിലെ ട്രേഡ് യൂനിയനുകളുടെ സംയുക്തവേദി പണിമുടക്ക് പ്രഖ്യാപിച്ചത്.
പണിമുടക്ക് സംസ്ഥാനത്ത് പാൽ ക്ഷാമത്തിന് കാരണമാകുമെന്നതിനാൽ സമരം ഒഴിവാക്കാനുള്ള നീക്കങ്ങൾ സർക്കാരും മിൽമയും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫെഡറേഷൻ ആസ്ഥാനത്ത് ചൊവ്വാഴ്ച ചർച്ചനടന്നെങ്കിലും വിജയിച്ചില്ല. മിൽമ സംസ്ഥാന ഫെഡറേഷന് കീഴിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂണിയനുകളിലെ മിൽമയുടെ മുഴുവൻ സ്ഥാപനങ്ങളിലും പണിമുടക്ക് നടക്കും. ജീവനക്കാരുടെ പണിമുടക്ക് ക്ഷീരകർഷകർക്ക് കനത്ത തിരിച്ചടിയാകും. മൂന്ന് മേഖലകളിലായി പ്രതിദിനം 25 ലക്ഷം ലിറ്റർ പാൽ ആണ് കർഷകരിൽ നിന്ന് മിൽമ ശേഖരിക്കുന്നത്.