ബ്രഹ്‌മചാരിയായതിനാല്‍ അയ്യപ്പന് സ്ത്രീകളെ ഇഷ്‌ടമല്ലെന്ന വാദം ബാലിശമെന്ന് എം ജി എസ്; സ്ത്രീ പുരുഷന്മാര്‍ കൂട്ടായി പിക്‌നിക് പോകേണ്ട സ്ഥലമല്ല ശബരിമലയെന്ന് സുഗതകുമാരി
ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കെല്ലാം അതിനുള്ള അവസരം ഒരുക്കണമെന്ന് ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍. ബ്രഹ്‌മചാരിയായതിനാല്‍ അയ്യപ്പന് സ്ത്രീകളെ ഇഷ്‌ടമല്ലെന്ന വാദം ബാലിശമാണെന്നും എം ജി എസ് പറഞ്ഞു.
ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കെല്ലാം അതിനുള്ള അവസരം ഒരുക്കണം.ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ നിഷേധിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ല. ഭക്തിയെ യുക്തിയുമായി കലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. വിശ്വസിക്കാന്‍ പുരുഷനെന്ന പോലെ സ്ത്രീക്കും അവകാശമുണ്ടെന്നും സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനം വിലക്കുന്ന വാദങ്ങള്‍ക്ക് മതപരമായ അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ ഗ്രാമരക്ഷകനായ അയ്യനാരുടെ മലയാളി രൂപമാണ് അയ്യപ്പൻ. സ്ത്രീകളെ വിലക്കണമെന്ന് ഒരു മതഗ്രന്ഥവും പറയുന്നില്ലെന്നും എം ജി എസ് പറഞ്ഞു. ശബരിമലയില്‍ എന്തുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടാ എന്ന് സുപ്രീംകോടതി ചോദിച്ച സാഹചര്യത്തില്‍ ആയിരുന്നു ഈ പ്രതികരണം. ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് ആണ് എം ജി എസ് ഇങ്ങനെ പറഞ്ഞത്.
എന്നാല്‍, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് എഴുത്തുകാരിയും പരിസ്ഥിതിവാദിയുമായ സുഗതകുമാരി രംഗത്തെത്തി. എത്ര വലിയ നീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റ് തന്നെയാണെന്നും ഇത് സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമായി താൻ കാണുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു.
ശബരിമലയ്ക്ക് താങ്ങാവുന്നതിലധികം ജനം ഇപ്പോള്‍ തന്നെ അവിടെ പോകുന്നുണ്ട്. സ്ത്രീ പുരുഷന്മാര്‍ കൂട്ടായി പിക്‌നിക്ക് പോകേണ്ട സ്ഥലമല്ല ശബരിമല. നിലവിലെ സാഹചര്യത്തില്‍ തന്നെ അവിടം മലിനമായി കാട് നശിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് പെണ്ണുങ്ങള്‍ കൂടി പോയാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും സുഗതകുമാരി ചോദിച്ചു.