പൊതുചടങ്ങിനിടെ നിവിന്‍ പോളിയോടൊപ്പം പൊലീസ് യൂണിഫോമില്‍ ഫോട്ടോയെടുത്ത യുവ വനിതാ ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫിനെ ആഭ്യന്തരവകുപ്പ് ശാസിക്കും. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കും. ആരോപണ വിധേയയായ എഎസ്പി മെറിന്‍ ജോസഫിനോട് ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്.
ഹൈബി ഈഡന്‍ എംഎല്‍എ നടത്തിയ കൊച്ചിയിലെ പൊതുചടങ്ങിനിടെ നിവിന്‍ പോളിയോടൊപ്പം മെറിന്‍ മൊബൈലില്‍ ഫോട്ടോ എടുക്കുകയും സ്‌റ്റേജില്‍ ഇരുന്ന് തന്നെ ചിത്രം ഫേസ്‌ബുക്കില്‍ ഇട്ടതുമാണ് വിഷയമായത്. ഹൈബി ഈഡന്‍ തന്നെയാണ് ഇരുവരുടെയും ചിത്രമെടുത്തത്.
എംഎല്‍എ കൊണ്ട് ചിത്രമെടുപ്പിച്ചതില്‍ ഭരണപക്ഷത്തെ യുവ എംഎല്‍എമാരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. വിഷയം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റൊ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ടിപി സെന്‍കുമാറിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥയായ മെറിന്‍ ജോസഫ് ഡ്രസ് കോഡ്, പ്രോട്ടോക്കോള്‍ എന്നിവ ലംഘിച്ചെന്ന ആക്ഷേപമാണ് വിവാദമായത്.
സംഭവം വിവാദമായതോടെ മാധ്യമങ്ങള്‍ക്കെതിരെ മെറിന്‍ ഫേസ്‌ബുക്കില്‍ വിശദീകരണം നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി അടക്കമുള്ളവര്‍ വേദി വിട്ടുപോയ ശേഷമാണ് ഫോട്ടോയെടുത്തതെന്നും ഹൈബി ഈഡന്‍ എംഎല്‍എയുടെ അനുമതി വാങ്ങിയ ശേഷമാണ് ചിത്രം എടുപ്പിച്ചതെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കിയതോടെ വിഷയം വീണ്ടും ചൂടു പിടിക്കുകയായിരുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും ആഭ്യന്തരവകുപ്പ് യുവ വനിതാ ഐപിഎസ് ഓഫീസറെ താക്കീത് ചെയ്യുക. സംഭവം വിവാദമാക്കാതെ രഹസ്യതാക്കീത് നല്‍കാനാണ് സാധ്യത.