ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ വിളിച്ചത് 8 തവണ, അന്വേഷണം ശക്തമാക്കി പോലീസ്

അഭിറാം മനോഹർ

തിങ്കള്‍, 31 മാര്‍ച്ച് 2025 (11:27 IST)
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മേഘയുടെ മരണത്തില്‍ പോലീസ് സംശയിക്കുന്ന സുകാന്തിനെ തിരെഞ്ഞ് പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. എടപ്പാള്‍ സ്വദേശിയും മേഘയുടെ സഹപ്രവര്‍ത്തകനുമായ ഇയാള്‍ ഒളിവിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
 
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്പാലത്തിന് സമീപത്തെ ട്രാക്കില്‍ നിന്നാണ് മേഘയെ മരിച്ച നിലയില്‍ കണ്ടത്. ജീവനൊടുക്കുന്നതിന് തൊട്ട് മുന്‍പായി പാളത്തിലൂടെ നടക്കുമ്പോള്‍ മേഘയും സുകാന്തും ഫോണില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 8 സെക്കന്റുകള്‍ വീതമാണ് ഈ കോളുകള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.
 
 ജോലിയുമായി ബന്ധപ്പെട്ട് ട്രെയിനിങ്ങിനിടെ മേഘ സുകാന്തുമായി അടുപ്പത്തീലായിരുന്നു.ജോലിയില്‍ കയറിയതിന് ശേഷം മേഘ പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്. സുകാന്തിനെ കാണാന്‍ മേഘ പലപ്പോഴും കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പല തവണ തിരുവനന്തപുരത്തേക്കും വന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ യാത്ര ചെലവുകള്‍ എല്ലാം വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്ക് മുകളില്‍ കൂടുതല്‍ ഭീഷണിയും ചൂഷണവും സുകാന്ത് നടത്തിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചെതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍