ആളില്ലാവീട്ടില്‍ നിന്ന് 20 പവന്‍ കവര്‍ന്നു

Webdunia
ഞായര്‍, 30 ഓഗസ്റ്റ് 2015 (14:23 IST)
ആളില്ലാവീട്ടില്‍ നിന്ന് 20 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. തഴക്കര പൈനംമൂട് ജോയി കോട്ടേജില്‍ ആനി ടി കോശിയുടെ വീട്ടിലാണ് ഉത്രാടദിവസം രാത്രി മോഷണം നടന്നത്.
 
മക്കള്‍ വിദേശത്തായതിനാല്‍ ആനി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മകളുടെ വിവാഹത്തിനായി സൂക്ഷിച്ചു വെച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലമതിക്കുന്ന പേള്‍ സെറ്റും ആണ് മോഷണം പോയത്. ഹോം നഴ്‌സ് ഓണം പ്രമാണിച്ച് വീട്ടില്‍ പോയിരുന്നതിനാല്‍ ആനി ഉത്രാടദിവസം ബന്ധുവീട്ടിലാണ് തങ്ങിയത്. 
 
തിരുവോണദിവസം രാവിലെ  വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് വീടിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ടത്. അലമാരയിലെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് അപഹരിച്ചത്. ഇതേ ദിവസം തന്നെ  പൈനുംമൂട് ജംക്ഷനിലെ രണ്ട് പച്ചക്കറി കടകളിലും ലോട്ടറി ഏജന്‍സിയിലും തഴക്കരയിലെ ഒരു ഇലകട്രിക്കല്‍ കടയിലും മോഷണം നടന്നു. മാവേലിക്കര പോലീസ് അന്വേഷണം ആരംഭിച്ചു.