മാവോയിസ്റ്റ് സാന്നിധ്യം ശക്തമായതിനേ തുടര്‍ന്ന് ആദിവാസി മേഖലയില്‍ ഇന്റലിജന്‍സ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സൈലന്റ് വാലി വനമേഖലയില്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്, കാളികാവ് പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്കാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഈ മേഖലയില്‍ അപരിചിതരായ നാലുപേരെ കണ്ടതിനേ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാത്രിസമയത്ത് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. രാത്രി എട്ടുമണിക്ക് ശേഷം വനപാതകളിലൂടെയുളള സഞ്ചാരം ഒഴിവാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാം ആദിവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്. നേരത്തെ അപരിചിതരെ കണ്ടാല്‍ പൊലീസില്‍ വിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നു. എന്നാല്‍ ഇത് നിലച്ചതൊടെ ആദിവാസികള്‍ വിവരം നല്‍കാതായി.
ഇതേ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ എത്തിയാലും പൊലീസിന് വിവരം ലഭിക്കാതായി. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ആദിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം മാവോയിസ്റ്റ് ആക്രമണം നടന്ന അട്ടപ്പാടി മുക്കാലിയില്‍ നിന്ന് കരുവാരക്കുണ്ടിലേക്കുളള വനപാതയും നിരീക്ഷണത്തിലാണ്.