മാന്ദാമംഗലം പള്ളിത്തര്‍ക്കം; കല്ലേറിൽ മെത്രാപ്പൊലീത്ത ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്ക് - സുരക്ഷ ശക്തമാക്കി പൊലീസ്
അവകാശത്തർക്കം നടക്കുന്ന മാന്ദാമംഗലം സെൻറ് മേരീസ്യാക്കോബായ സുറിയാനി പള്ളിയിൽ കല്ലേറും സംഘർഷവും. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് യാക്കോബായ- ഓർത്തഡോക്സ്വിഭാഗക്കാർ ഏറ്റുമുട്ടിയത്.
കല്ലേറിൽ ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ യുഹാനോൻ മാർ മിലിത്തിയോസ് ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്കേറ്റു. പള്ളിയുടെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. സമരപ്പന്തൽ പൂർണ്ണമായും ഒഴിപ്പിച്ച പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളി പൊലീസ് സംരക്ഷണത്തിലാണുള്ളത്. വെള്ളിയാഴ്ച കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
എന്നാൽ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.