കേരളത്തിൽ മൺസൂൺ നേരത്തെ എ‌ത്തിയേക്കും, അതിജാഗ്രത വേണമെന്ന് വിദഗ്‌ധർ

Webdunia
ഞായര്‍, 1 മെയ് 2022 (10:36 IST)
കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെയെത്തുമെന്ന് കാലാവസ്ഥ വിദഗ്‌ധർ. സാധാരണ നിലയിലുള്ള മഴയ്ക്ക് മാത്രമെ സാധ്യതയുള്ളുവെങ്കിലും മുൻവർഷങ്ങളേക്കാൾ കടലാക്രമണം കേരളാ തീരത്ത് കൂടുതലായിരിക്കുമെന്നാണ് പ്രവചനം.
 
കഴിഞ്ഞ കാലവർഷത്തിൽ ശരാശരിയേക്കാൾ 16 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.ഇത്തവണ ശരാശരി മഴയാണ് ഐഎംഡി പ്രവചിക്കുന്നത്. മഴയുടെ അളവ് എങ്ങനെയായാലും ജാഗ്രത വേണമെന്നാണ് വിദഗ്‌ധാഭിപ്രായം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യിക്കുന്ന ക്യൂമുലോനിംബസ് മേഘങ്ങൾ കൂടുതലാകുന്നതാണ് കേരളത്തിന്റെ സമീപകാല അനുഭവങ്ങൾ. ഒറ്റദി‌വസം കൊണ്ടുണ്ടാകു‌ന്ന പ്രളയത്തിനാകും ഇത് കാരണമാകുക.
 
തുടരെ തുടരെയുണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ ഉയരമേറിയ തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യത കൂട്ടും. പസഫിക് സമുദ്രത്തിൽ തുടരുന്ന ലാനിന പ്രതിഭാസം ചുഴലിക്കാറ്റ് രൂപപ്പെടാൻ അനുകൂലമാണ്. ഉത്തരേന്ത്യയിലെ കനത്ത ചൂടും മധ്യരേഖ കടന്ന് വരുന്ന തെക്ക് പടിഞ്ഞാറൻ കാറ്റിൻ്റെ തിരിവുമെല്ലാം മെയ് അവസാനത്തോടെ കാലാവർഷം കേരളത്തിൽ സജീവമാകുന്നതിനുള്ള സൂചന‌യാണ് നൽകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article