കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ എത്തും

Webdunia
വ്യാഴം, 4 ജൂണ്‍ 2015 (15:31 IST)
കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തെ മേയ് 30ന് കാലവർഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ മണ്‍സൂണ്‍ കാറ്റിന്റെ ഗതിവേഗം പഠിച്ചതിനു ശേഷം ഇത് വൈകുമെന്ന് അറിയിക്കുകയായിരുന്നു.

മഴയുടെ ലഭ്യത, കാറ്റിന്റെ ക്രമം, മേഘങ്ങളുടെ രൂപീകരണം തുടങ്ങി 14 കാലാവസ്ഥ സ്റ്റേഷനുകളിലെയും വിവരങ്ങൾ ശേഖരിച്ച ശേഷമേ കാലവർഷം എത്തിയോ എന്നു പ്രഖ്യാപിക്കൂയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം ഡയറക്ടർ കെ.സന്തോഷ് അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ കാലവർഷം എത്തുന്നതിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ഈവര്‍ഷം എല്‍‌നിനോ പ്രതിഭാസം മൂലം രാജ്യത്ത് വരള്‍ച്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എൽ നിനോ വന്നാൽ രാജ്യത്തു ചിലേടത്തു കൊടുംവരൾച്ചയുണ്ടാകുമ്പോൾ മറ്റു ചിലേടത്ത് അതിവർഷം കാരണം വെള്ളപ്പൊക്കം വരാം. രണ്ടിന്റെയും ഫലം കൃഷിനാശമാണ്. വരൾച്ചയെ നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. 580 ജില്ലകളിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ രൂപരേഖയായി.