സുരേഷ് ഗോപിയുടെ മൌനം പ്രശ്നമാണ്; മഞ്ജുവാര്യരെയും മേനക സുരേഷിനെയും ബിജെപി പരിഗണിക്കുന്നു!
ബുധന്‍, 9 മാര്‍ച്ച് 2016 (13:00 IST)
അക്കൌണ്ട് തുറക്കുകയെന്ന ഏകലക്ഷ്യവുമായി നീങ്ങുന്ന ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപരം സെൻട്രൽ മണ്ഡലത്തിൽ പ്രമുഖ ചലച്ചിത്ര താരം മഞ്ജുവാര്യരെ രംഗത്തിറക്കാൻ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. മഞ്ജുവിനെ കൂടാതെ പാര്‍ട്ടിയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന നടി മേനക സുരേഷിനെയും പരിഗണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായ മഞ്ജുവിനെ ജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നില്‍ നിര്‍ത്താനാണ് ബിജെപിയുടെ നീക്കം. നേതാക്കള്‍ മഞ്ജുവുമായി സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് താരത്തിന്റെ അഭിപ്രായം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തിരിച്ചുവരവില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മഞ്ജു ബിജെപിയുടെ ആവശ്യം തള്ളുമെന്നാണ് അറിയുന്നത്.
മേനക സുരേഷുമായും ബിജെപി നേതൃത്വം ചര്‍ച്ച ചെയ്തതായിട്ടാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്ത. മേനകയോട് അടുപ്പമുള്ളവര്‍ വിഷയം ചര്‍ച്ച ചെയ്തെന്നാണ് അറിയുന്നത്. എന്നാൽ, അവർ ഇതിന് സമ്മതം മൂളിയോ എന്ന് വ്യക്തമായിട്ടില്ല. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ പേര് പരിഗണിച്ചെങ്കിലും അദ്ദേഹം സമ്മതം മൂളാത്തതിനെ തുടര്‍ന്നാണ് ചലച്ചിത്ര മേഖലയിലെ അടക്കം മറ്റുചിലരെ പരിഗണിക്കുന്നത്.