കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

ബുധന്‍, 5 ഒക്‌ടോബര്‍ 2022 (12:29 IST)
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിപിഒ ഷിഹാബ് വി.പി.യെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി പൊലീസ് മേധാവിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. 
 
കഴിഞ്ഞ മാസം 30 ന് പുലര്‍ച്ചെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയില്‍ നിന്നാണ് ഇയാള്‍ മാമ്പഴം മോഷ്ടിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷിഹാബ്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഷിഹാബ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പൊലീസുകാരനാണ് പ്രതിയെന്ന് മനസ്സിലായത്. 
 
പൊലീസുകാരന്റെ നടപടി സേനയ്ക്ക് തന്നെ അപമാനകരമാണെന്നും ഒരിക്കലും ഒരു പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. പൊലീസ് കേസെടുത്തതിനു പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍