തിരുത്താൻ അധ്യാപകർക്ക് അവകാശമുണ്ട്: ശിക്ഷയെ ക്രൂരതയായി കാണാനാവില്ല: കോടതി

തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (19:24 IST)
വിദ്യാർഥികളുടെ തെറ്റുകളെയും വികൃതിത്തരങ്ങളെയും തിരുത്താനുള്ള അവകാശം അധ്യാപകർക്കുണ്ടെന്ന് കോടതി. അത് അദ്ധ്യാപകരുടെ ചുമതലയുടെ ഭാഗമാണെന്ന് എറണാകുളം സെഷൻസ് കോടതി വ്യക്തമാക്കി. ഓണസദ്യയിൽ തുപ്പിയെന്ന് ആരോപിച്ച് വിദ്യാർഥികളെ അടിച്ചതിന് പ്രധാന അദ്ധ്യാപികയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം നൽകികൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
 
വിദ്യാർഥികളുടെ വികൃതിത്തരങ്ങളിൽ ഇടപെടേണ്ടത് അധ്യാപികയുടെ ജോലിയുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സംസ്കാരം അധ്യാപകരെ മാതാപിതാക്കൾക്ക് തുല്യമായാണ് കാണുന്നതെന്നും കോടതി പറഞ്ഞു. സെപ്റ്റംബർ രണ്ടിന് സ്കൂളിലെ ഓണാഘോഷത്തോട് അനുബന്ധിച്ചായിരുന്നു സംഭവം. ഒന്നാം നിലയിൽ നിന്ന നാലാം ക്ലാസ് വിദ്യാർഥികൾ താഴെ വെച്ചിരുന്ന ഓണസദ്യയിൽ തുപ്പിയെന്ന് ആരോപിച്ച് അധ്യാപിക ശകാരിക്കുകയും മർദ്ദിക്കുകയുമായിരുന്നു.
 
ഇതേചൊല്ലി മാതാപിതാക്കളിൽ ഒരാൾ അധ്യാപികയെ ഫോണിൽ വിളിച്ച് പരുഷമായി സംസാരിക്കുകയും ഒപ്പം പോലീസിൽ പരാതി നൽകുകയുമായിരുന്നു. അദ്ധ്യാപികയുടെ മുൻകൂർ ജാമ്യേപേക്ഷയെ പോലീസ് എതിർത്തിരുന്നു. തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അധ്യാപിക കുട്ടികളെ ശിക്ഷിച്ചതെന്നും മോശം വാക്കുകൾ ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. എന്നാൽ അധ്യാപകർ കുട്ടികളെ തിരുത്താനായി ഇടപെടുന്നത് ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വിലയിരുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍