എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്ന് പിന്തുണ കുറവ്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് ഒപ്പമാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഏതാനും ചില യുവ നേതാക്കള്‍ മാത്രമാണ് തരൂരിനെ പിന്തുണയ്ക്കുന്നത്. എന്നാല്‍ തരൂരിനെതിരെ വോട്ട് ചെയ്യാന്‍ ഈ നേതാക്കളോട് ഒരു 'ഗ്രൂപ്പ്' ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഹൈക്കമാന്‍ഡ് പിന്തുണയുള്ള മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് കേരളത്തില്‍ നിന്നുള്ള എല്ലാ വോട്ടുകളും വാങ്ങി കൊടുക്കാന്‍ കെപിസിസി നേതൃത്വം പരിശ്രമിക്കുന്നുണ്ട്. ഹൈക്കമാന്‍ഡിനെതിരായ നീക്കമാണ് ശശി തരൂര്‍ നടത്തുന്നതെന്നാണ് കേരളത്തിലെ നേതാക്കളുടെ അഭിപ്രായം. എന്നാല്‍ വിരലിലെണ്ണാവുന്ന ഏതാനും യുവ നേതാക്കള്‍ തരൂരിനൊപ്പമുണ്ട്.
അതേസമയം, മനസ്സാക്ഷി വോട്ടുകളിലാണ് തനിക്ക് പ്രതീക്ഷയെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള തുറന്ന അവസരമാണിത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. അത് പൂര്‍ണമായി പാലിക്കുപ്പെടുമെന്ന് തന്നെയാണ് കരുതുന്നതെന്നും തരൂര്‍ പറഞ്ഞു.