ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ലൈംഗിക ചുവയുള്ള ഫോൺ വിളി സംഭാഷണ വിവാദവുമായി ബന്ധപ്പെട്ട് ചാനൽ മേധാവി അജിത്ത് കുമാറും സംഘവും പൊലീസിൽ കീഴടങ്ങി. ഇന്നു രാവിലെയാണ് കേസിലെ മുഖ്യപ്രതിയായ അജിത് അടക്കമുള്ള ഏഴു പ്രതികൾ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്.
ഇന്നലെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ നാടകീയമായ കീഴടങ്ങൽ. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യവും ഹൈക്കോടതി ഇന്നലെ തളളിയിരുന്നു.
അന്വേഷണസംഘത്തിന് മുന്നില്‍ എത്തുന്നതിന് മുമ്പ് തന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും മോഷണം പോയെന്ന് കാണിച്ച് ചാനല്‍മേധാവി അജിത്ത്കുമാര്‍ ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് പരാതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം, ചാനലില്‍ നിന്നും രാജിവെച്ച രണ്ടു മാധ്യമപ്രവര്‍ത്തകരുടെയും എ.കെ ശശീന്ദ്രന്റെയും മൊഴികള്‍ ഇന്നു രേഖപ്പെടുത്തുമെന്നാണ് വിവരങ്ങള്‍.