ഓരോ സഹോദരന്മാരും കാവലാകുക; ഇനിയൊരു ജിഷ ഉണ്ടാകരുത്- ജിഷയ്‌ക്ക് നീതി തേടി മമ്മൂട്ടിയും

Webdunia
ചൊവ്വ, 3 മെയ് 2016 (16:52 IST)
പെരുമ്പാവൂരില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയ്ക്ക് നീതി തേടി നടന്‍ മമ്മൂട്ടിയും. ജിഷ എന്ന പെൺകുട്ടിയുടെ അനുഭവത്തിന് മുന്നിൽ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താൽ താഴ്ന്നുപോകുന്നു. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകൾക്ക് വേണ്ടിയും നമുക്ക് വീരനായകരാകാമെന്നും താരം ഫേസ്‌ബുക്കില്‍ പറയുന്നു.

മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരിൽ അഭിമാനിച്ചിരുന്നു നാം. ഡൽഹിയിൽ നിർഭയയെന്ന് വിളിക്കപ്പെട്ട പെൺകുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയിൽ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകൾ നീണ്ടപ്പോഴും നമ്മൾ അഹങ്കരിച്ചു; നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ലെന്ന്. പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയുടെ അനുഭവത്തിന് മുന്നിൽ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താൽ താഴ്ന്നുപോകുന്നു.

അവരിലൊരാളായി അതീവ വേദനയോടെയും ആത്മനിന്ദയോടെയും നിന്നുകൊണ്ട് എന്റെ പ്രിയസഹോദരന്മാരോട് ഞാൻ പറയട്ടെ: നിങ്ങൾ വിടന്മാരാകരുത്. പകരം വീരനായകരാകുക. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരൻ. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകൾക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക..
Next Article