പുതുവത്സരാഘോഷത്തില്‍ കേരളം കുടിച്ചുതീര്‍ത്തത് 59.03 കോടി രൂപയുടെ മദ്യം. 2015 ഡിസംബര്‍ 31ന് 44.61 കോടി രൂപയുടെ മദ്യമായിരുന്നു കേരളത്തില്‍ വിറ്റഴിച്ചത്. എന്നാല്‍ 17.12 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഡിസംബറിലെ ആകെ മദ്യവില്‍പനയിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്.
ബിവറേജസ് കോര്‍പറേഷന്റെ കീഴിലുള്ള വില്‍പനശാലകളിലാണ് 2016 പുതുവര്‍ഷത്തലേന്ന് 52.25 കോടി രൂപയുടെ മദ്യം വിറ്റത്. അതേസമയം ബാറുകളിലൂടെയുള്ള വില്‍പനയില്‍ 30.03 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതായത് പഞ്ചനക്ഷത്ര ബാറുകള്‍, ബിയര്‍, വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ 6.78 കോടി രൂപയുടെ മദ്യം മാത്രമായിരുന്നു വിറ്റഴിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ ആകെ 1038.38 കോടി രൂപയുടെ വിറ്റുവരവാണ് ബിവറേജസ് കോര്‍പറേഷനുണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 998.83 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ 3.96 ശതമാനത്തിന്റെ വര്‍ധനയാണ് ഡിസംബറിലെ മൊത്തവില്‍പനയിലുണ്ടായത്.