കണ്ടുമടുത്ത കറുത്ത ബോര്‍ഡുകളോട് കലാസ്മുറികള്‍ വിടപറയാനൊരുങ്ങുന്നു. ഇനി മുതല്‍ ക്ലാസ് മുറികളില്‍ കറുത്ത ബോര്‍ഡുകള്‍ക്ക് പകരം പച്ച ബോര്‍ഡുകളാകും ഉണ്ടാകുക. കേട്ടീട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തിട്ടൂരമാണെന്ന് തെറ്റിദ്ധരിക്കരുത്.
സംഗതി മലപ്പുറത്താണ് തുടങ്ങിയതെന്നതും ലീഗ് എംഎല്‍എ മാരാണ് പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നതെന്നതും പറഞ്ഞ് വിവാദമാക്കരുതെന്ന് മാത്രമേ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബിനുള്ളു. ബോര്‍ഡുകളുടെ നിറം പച്ചയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവൊന്നും നല്‍കിയിട്ടില്ല.
എന്നാല്‍ മലപ്പുറത്തെ എം.എല്‍.എമാരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് അവിടത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ ബോര്‍ഡ് പച്ച നിറത്തിലേക്ക് മാറ്റാന്‍ തുടങ്ങിയിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെ മണ്ഡലത്തിലെ സ്കൂളുകളില്‍ തന്നെയാണ് ബോര്‍ഡുകള്‍ പച്ച നിറമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്കൂളുകളിലാണ് പച്ചനിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ ബോര്‍ഡില്‍ നോക്കുന്നത് കണ്ണിന് കുളിര്‍മ നല്‍കുമെന്നാണത്രെ ലീഗ് എംഎല്‍എമാരുടെ പഠനത്തില്‍ വെളിവായത്.
ലീഗുകാര്‍ പച്ച നിറംവിട്ട് യാതൊരു കളിയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നടപടി. അദ്ധ്യാപകര്‍ പച്ചക്കോട്ട് ധരിച്ചു വരണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. അതിന് പിന്നാലെയാണ് ലീഗ് എംഎല്‍എമാരുടെ പുതിയ നടപടി. അതേസമയം എംഎല്‍എമാരുടെ നടപടിക്കെതിരെ എസ്എഫ്ഐ, കെഎസ്‌യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.