മേജര്‍ രവിയെന്ന സഹപ്രവര്‍ത്തകനെ ഓര്‍ത്ത് ലജ്ജിക്കുന്നു; മഹാനടന്മാര്‍ പോലും ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്നുണ്ടെന്ന് കമല്‍

Webdunia
വെള്ളി, 18 മാര്‍ച്ച് 2016 (04:11 IST)
മേജര്‍ രവിയെന്ന സഹപ്രവര്‍ത്തകനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകന്‍ കമല്‍. മഹാനടന്മാര്‍ പോലും ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്നുണ്ട്. ഇത് ഭയം ഉളവാക്കുന്ന കാര്യമാണ്. മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പുമെന്ന് അദ്ദേഹം പറഞ്ഞു. പറയുക മാത്രമല്ല, ചെയ്യുകയും ചെയ്യുന്ന ഭീകരമായ കാലത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഫാസി‌സ്‌റ്റ് നീക്കത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ അടുത്തിടെ നടക്കുന്ന സംഭവ വികാസങ്ങള്‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും, ജെഎന്‍യുവും പുരോഗമനമായി ചിന്തിക്കുന്ന, മഹാന്മാരെ സംഭാവന ചെയ്ത ഇന്ത്യന്‍ കലാലയങ്ങളാണ്. ഇന്ത്യന്‍ ചലച്ചിത്രത്തിന് നവധാര നല്‍കിയ കാമ്പസാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. അവിടേക്കുള്ള കടന്നുകയറ്റം തലമുറയ്‌ക്ക് മേല്‍ കത്തിവെക്കുന്നതിന് തുല്യമാണെന്നും കമല്‍ പറഞ്ഞു.

കേരളീയ കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചത് ആദ്യം വലതുപക്ഷ വത്കരണത്തിനും, പിന്നീട് മതസംഘടനകള്‍ക്ക് നുഴഞ്ഞുകയറാനും സഹായകരമാക്കി. കലാലയ രാഷ്ട്രീയ നിരോധനം ഭരണാധികാരികള്‍ പുനരാലോചിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു. കൊച്ചിന്‍ സര്‍വ്വകലാശാല കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.