ചിതറി കിടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരു കുടക്കീഴിലെത്തണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. ഈ ലയനമാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും ഇതിനായി യാഥാർത്ഥ്യ ബോധത്തോടെയുള്ള സംഭാഷണങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ സി അച്യുതമേനോൻ അനുമസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ബേബി.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനത്തിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം. അതേസമയം ലയനം വേണ്ടെന്ന് വയ്ക്കേണ്ടതില്ല. അതിനായി ഒരു പാർട്ടി മുന്നിട്ടിറങ്ങി ആവശ്യമായ നീക്കങ്ങള്‍ നടത്തണമെന്നും എംഎ ബേബി പറഞ്ഞു. മറ്റു പാർട്ടികളുടെയും നിലപാടുകൾ ആദരിക്കപ്പെടേണ്ടതുണ്ട്.
ഇടതുപക്ഷ ഗ്രൂപ്പുകളുടെ പൊതുജനവേദി ഉണ്ടാവേണ്ടത് ആവശ്യമാണെന്നും ബേബി ചൂണ്ടിക്കാട്ടി. വർഗീയതയും വലതുപക്ഷ തീരുമാനങ്ങളും ശക്തിപ്പെടുന്നത് ചെറുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.