പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു

വെള്ളി, 16 മാര്‍ച്ച് 2018 (22:32 IST)
പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
 
മനുഷ്യമനസുകളുടെ ആന്തരികസംഘര്‍ഷങ്ങളുടെ ചിത്രീകരണമായിരുന്നു എം സുകുമാരന്‍റെ കഥകള്‍. ശേഷക്രിയ, ജനിതകം, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം, പിതൃതര്‍പ്പണം, ചുവന്ന ചിഹ്നങ്ങള്‍ തുടങ്ങിയ കൃതികളിലൂടെ മലയാള സാഹിത്യരംഗത്ത് അദ്ദേഹം ജീവിതസന്ദേഹങ്ങളുടെ ചോദ്യങ്ങളുയര്‍ത്തി. പിതൃതര്‍പ്പണവും ജനിതകവും വായനക്കാരന് പുതിയ രാഷ്ട്രീയബോധം സമ്മാനിച്ച കൃതികളായിരുന്നു. 
 
പാലക്കാട് ചിറ്റൂരിലാണ് എം സുകുമാരന്‍ ജനിച്ചത്. തിരുവനന്തപുരത്ത് എജീസ് ഓഫീസില്‍ ക്ലാര്‍ക്കായിരുന്ന എം സുകുമാരനെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1974ല്‍ പിരിച്ചുവിടുകയായിരുന്നു.
 
ചുവന്ന ചിഹ്നങ്ങള്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മൂന്ന് തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പിതൃതര്‍പ്പണത്തിന് പത്മരാജന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 
 
സംഘഗാനം, ഉണര്‍ത്തുപാട്ട്, പിതൃതര്‍പ്പണം, തിത്തുണ്ണി(കഴകം) എന്നീ കഥകള്‍ ചലച്ചിത്രങ്ങളായി. ശേഷക്രിയ, കഴകം എന്നിവയിലൂടെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എം സുകുമാരനായിരുന്നു ലഭിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍