മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ചു വന്‍ അഴിമതി നടക്കുന്നതായി കഴിഞ്ഞമാസം ഒമ്പതിനാണു ഗണേഷ് കുമാര്‍ സഭയില്‍ ഉന്നയിച്ചത്. മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫിലുള്ള എ. നാസിമുദ്ദീന്‍, എം. അബ്‌ദുള്‍ റാഫി, ഐ.എം. അബ്‌ദുള്‍റഹ്‌മാന്‍ എന്നിവാണ് അഴിമതിക്കു ചുക്കാന്‍ പിടിക്കുന്നതെന്നും ഗണേഷ് പറഞ്ഞിരുന്നു. മന്ത്രിയുടെ ഓഫീസില്‍ എം.എല്‍.എമാരുടെ ഫയലുകള്‍ പിടിച്ചുവയ്‌ക്കുകയാണ്. മന്ത്രിയുടെ മണ്ഡലത്തില്‍ വിവേചനപരമായി പണം അനുവദിക്കുന്നു. ഇക്കാര്യം സഭാസമിതി അന്വേഷിക്കണമെന്നും തെളിവുനല്‍കാന്‍ തയാറാണെന്നും ഗണേഷ് സഭയില്‍ വ്യക്‌തമാക്കി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടക്കുളം നല്‍കിയ പരാതി പരിഗണിച്ച ലോകായുക്ത തെളിവുനല്‍കാന്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് ഗണേഷിന് നോട്ടീസ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് ഗണേഷ് ഇന്ന് ഹാജരായത്. എന്നാല്‍ ഗണേഷിന്റെ ആരോപണങ്ങള്‍ യുഡിഎഫ് തള്ളിക്കളഞ്ഞിരുന്നു. ആരോപണത്തിനു പിന്നാലെ ഗണേഷിനെ യുഡിഫ് നിയമസഭാകക്ഷി യോഗത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുമെന്നാണ് ഗണേഷ് പിന്നീട് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇന്ന് നല്‍കുന്ന തെളിവുകള്‍ കാര്യമുള്ളതാണെങ്കില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ലോകായുക്ത തീരുമാനിക്കും. യുഡിഎഫ് രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ ഉണ്ടാകാനും ഇത് കാരണമാകും. എന്നാല്‍ ലോകായുക്തയ്ക്കുമുന്നില്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുമെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ ഗണേഷ് കൂടുതല്‍ സമയം ചോദിച്ചേക്കുമെന്ന് സൂചനകളുണ്ട്.