Vote From Home: വോട്ടുരേഖപ്പെടുത്താന്‍ വീട്ടിലെത്തുന്നത് അഞ്ചുപേരടങ്ങുന്ന സംഘം, വോട്ടര്‍ വീട്ടിലില്ലെങ്കില്‍ അഞ്ചുദിവസത്തിനുള്ളില്‍ വീണ്ടും സന്ദര്‍ശനം

സിആര്‍ രവിചന്ദ്രന്‍

ശനി, 30 മാര്‍ച്ച് 2024 (14:22 IST)
85 വയസ്സു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളില്‍തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. അസന്നിഹിത (അബ്‌സെന്റീ) വോട്ടര്‍മാരുടെ പട്ടികയില്‍പ്പെടുത്തി 12-ഡി അപേക്ഷാഫോം ബി.എല്‍.ഒ. മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്.
 
ആവശ്യസര്‍വീസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് 1961-ലെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം അസന്നിഹിത വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 12-ഡി ഫോമില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു സമര്‍പ്പിക്കുന്നവരുടെ അപേക്ഷകളാണു വോട്ട് രേഖപ്പെടുത്താന്‍ പരിഗണിക്കുക. താമസസ്ഥലത്തുവച്ചുതന്നെ തപാല്‍ വോട്ടുചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.
 
രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. ബി.എല്‍.ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്ന സമയത്ത് വോട്ടര്‍ സ്ഥലത്തില്ലെങ്കില്‍ വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുള്ളില്‍ വീണ്ടും സന്ദര്‍ശിക്കണമെന്നാണ് ചട്ടം. ഭിന്നശേഷിക്കാര്‍ 12-ഡി അപേക്ഷാ ഫോമിനൊപ്പം അംഗീകൃത ഡിസെബിലിറ്റി സര്‍ട്ടിഫിക്കേറ്റ് (40 ശതമാനം) സമര്‍പ്പിക്കേണ്ടതുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍