കോവളത്ത് വിദേശവനിത ലിഗയെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാകാമെന്ന സാധ്യതയിലേക്കു പൊലീസ് എത്തിയതിന് പിന്നാലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ബലപ്രയോഗത്തിനിടെയാണ് ലിഗയുടെ മരണം സംഭവിച്ചത്. കഴുത്ത് ഞെരിച്ചതിന്റെ ഭാഗമായി ഈ ഭാഗത്തെ തരുണാസ്ഥിയിൽ പൊട്ടലേറ്റിട്ടുണ്ട്. ആഴത്തിലുള്ള മൂന്ന് മുറിവുകള്‍ കഴുത്തിലും രണ്ട് കാലുകളിലുമായി ഉണ്ട്. ബലപ്രയോഗം പ്രതിരോധിക്കുമ്പോഴുള്ള മുറിവുകൾ പോലെയാണിതെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ലിഗയുടെ കഴുത്തിലെ സൂക്ഷ്മഞരമ്പുകൾക്ക് ക്ഷതമേറ്റിട്ടുണ്ട്. അവിടത്തെ രക്തം കട്ടപിടിച്ചു കിടക്കുകയുമാണ്. കഴുത്തിൽ അമർത്തിപിടിച്ചപ്പോൾ കാലുകൾ നിലത്തുരച്ചതു പോലെയുള്ള മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മൃതദേഹം ആദ്യം കണ്ട പരിസരവാസികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് അറസ്‌റ്റ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മരണത്തിന് മുമ്പ് ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ ലഹരി ഉണ്ടായിരുന്നതായും ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നു.
ലിഗയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്മാരും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി പ്രകാശ് വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു.
പീഡന ശ്രമത്തിനിടെ മൽപ്പിടുത്തത്തിൽ ലിഗ കൊല്ലപ്പെട്ടിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം.