ഗ്രാമ പഞ്ചായത്തുകളില്‍ ഇടതിനു മുന്‍തൂക്കം; എംവി രാഘവന്‍റെ മകൾ എംവി ഗിരിജ തോറ്റു

Webdunia
ശനി, 7 നവം‌ബര്‍ 2015 (08:43 IST)
ആദ്യഫലസൂചനകളിൽ ഗ്രാമ പഞ്ചായത്തുകളില്‍ ഇടതിനു മുന്‍തൂക്കം നല്‍കുബോള്‍ കണ്ണൂരിൽ എംവി രാഘവന്‍റെ മകൾ എംവി ഗിരിജ തോറ്റു. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ മകൾ ഉഷ പ്രവീണും തോറ്റു. കൊച്ചിയിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായിട്ടാണ് ഉഷ പ്രവീണ്‍ മത്സരിച്ചത്.

ആദ്യഫലസൂചനകളിൽ ഗ്രാമ പഞ്ചായത്തുകളില്‍ ഇടതിനു മുന്‍തൂക്കമാണ്. 45 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം. 32 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. കൊച്ചി നഗരസഭയില്‍ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫ് മുന്നേറ്റം. കൊച്ചിയില്‍ ജിഡിസിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാലിന്റെ സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫിനു ജയം.

14 മുനിസിപ്പാലിറ്റികളില്‍ എൽഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. നഗരസഭകളില്‍ എല്‍ഡിഎഫിന്‌ മുന്‍തൂക്കം. എല്‍ഡിഎഫ്‌ 33 യുഡിഎഫ്‌ 24 ബിജെപി 3 മറ്റുള്ളവര്‍ 6.

1,199 തദ്ദേശസ്ഥാപനങ്ങളിലെ 21,871 വാര്‍ഡുകളിലെ 75,549 സ്ഥാനാര്‍ഥികളാണ് ജനവിധിക്ക് കാത്തിരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,076, 14 ജില്ലാപഞ്ചായത്തുകളിലെ 331, 86 മുനിസിപ്പാലിറ്റികളിലെ 3,088, ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 414 വാര്‍ഡുകളിലെ പ്രതിനിധികളാരെന്ന് ഇന്നറിയാനാകും.

ത്രിതലപഞ്ചായത്തുകളില്‍ ബ്ളോക്തലത്തിലുള്ള വിതരണ-സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സുരക്ഷക്ക് കര്‍ണാടകത്തില്‍ നിന്നുള്ള പത്ത് കമ്പനി ഉള്‍പ്പെടെ 57 കമ്പനി പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.