സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച മദ്യനയത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഘട്ടംഘട്ടമായി മദ്യം നിരോധിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ പ്രതിഷേധിച്ച താമരശ്ശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ ചെയര്‍മാനുമായ മാര്‍ റെമിജിയോസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയത്തില്‍ നിന്ന് പിന്നോട്ടു പോകില്ല. വീര്യം കൂടിയ മദ്യം പത്തുവര്‍ഷംകൊണ്ട് പൂര്‍ണമായി നിര്‍ത്തലാക്കും. വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് നയം പ്രഖ്യാപിച്ചത്. അതു ഫലപ്രദമായി നടപ്പാക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മദ്യനയത്തില്‍ മാറ്റം വരുത്താനിടയായ സാഹചര്യം ബിഷപ്പിനെ ധരിപ്പിച്ചിട്ടുണ്ട് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തനാണ്. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നേരത്തെ ദോഷം ചെയ്ത ചാരായം നിരോധിക്കാന്‍ സര്‍ക്കാരിന് അന്ന് വിദേശമദ്യം കൊണ്ടുവരേണ്ടിവന്നു. ഇനി ഈ വിദേശമദ്യം നിര്‍ത്തലാക്കണം. അതിന് വേണ്ട ക്രമീകരണമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണ് ഇന്ന് രാവിലെ കോഴിക്കോട്ട് സ്വകാര്യപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടഞ്ചേരിയില്‍ ബിഷപ്പിനെകണ്ട് കൂടികാഴ്ച നടത്തിയത്.