തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്‌മി നായരെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോവാൻ വിദ്യാർഥി സംഘടനകള്‍ തയാറാകാത്തതിനെത്തുടര്‍ന്ന് സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നടത്തിയ ചർച്ച പരാജയപ്പെട്ടു.
ചർച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമായി തുടരുമെന്ന് സംഘടനാ നേതാക്കൾ വ്യക്തമാക്കി. പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യത്തിൽ വിദ്യാര്‍ഥികള്‍ ഉറച്ചു നിന്നപ്പോള്‍ ഇക്കാര്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യകാതമാക്കി.
പ്രിൻസിപ്പലിനെ മാറ്റാതെയുള്ള ഒരു ഒത്തുതീർപ്പിനും തയാറല്ലെന്ന് വിദ്യാർഥി സംഘടനകൾ മന്ത്രിയോട് വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
അതേസമയം, തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. ഒരോ കുട്ടിയേയും നേരിട്ടുകാണാനും സംസാരിക്കാനും തയാറാണ്. പക്ഷേ കൂട്ടായി വന്ന് ഘെരാവോ ചെയ്യാന്‍ പറ്റില്ല. പിന്നീടത് ചാനലില്‍ വാര്‍ത്തയാക്കുക. അതിന് ഞാന്‍ നിന്നുകൊടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.