ലീഗ് പ്രവർത്തകന്റെ കൊലപാതകം; പ്രതികളുടെ വാഹനം തിരിച്ചറിഞ്ഞു

Webdunia
ഞായര്‍, 14 ഓഗസ്റ്റ് 2016 (11:41 IST)
കോഴിക്കോട് നാദാപുരത്ത് മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചുവെന്ന് പറയുന്ന വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവയിലാണ് അക്രമികള്‍ സഞ്ചരിച്ചത്. രണ്ടു കൊല്ലം മുൻപ് ഇയാളിൽ നിന്നും വാഹനം വാങ്ങിയ പ്രതീഷ് എന്നയാൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
 
വാഹനത്തിന്റെ ഉടമ ആരെന്ന കാര്യം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാളിൽ നിന്നും വാഹനം ഒന്നിൽ കൂടുതൽ ആളുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അക്രമത്തിന് പിന്നില്‍ പിന്നില്‍ ആറംഗ സംഘമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതില്‍ അഞ്ചു പേരാണ് കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ഒരാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 
 
കൊലപാതകത്തിനു പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടാലും, തങ്ങള്‍ വെറുതേ വിടില്ലെന്ന് സി പി ഐ എം നേതാക്കള്‍ പരസ്യമായ ഭീഷണി മുഴക്കിയിരുന്നുവെന്നും ലീഗ് ആരോപിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നാലെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കോഴിക്കോട് കളക്ടറുടെ നേതൃത്വത്തില്‍ രാവിലെ വടകരയില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
 
വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്ലമിനെ പുറകേയെത്തിയ സംഘമാണ് വെട്ടിയത്. കൈക്കും മുഖത്തും പരിക്കേറ്റ അസ്ലമിനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയായിരുന്നു മരണം. അസ്ലമിനു വെട്ടേറ്റെന്ന വിവരം പുറത്തുവന്നതു മുതല്‍ നാദാപുരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 
Next Article