ലക്ഷ്മി നായർക്കെതിരെ നൽകിയ ജാതിപ്പേര് കേസ്: വിദ്യാര്‍ഥിക്ക് എഐഎസ്എഫിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

Webdunia
ശനി, 27 മെയ് 2017 (19:52 IST)
ലോ അക്കാദമി സമരത്തിനിടെ ലക്ഷ്മി നായർക്കെതിരെ നൽകിയ ജാതിപ്പേര് കേസ് പിൻവലിച്ച സംഭവത്തിൽ അക്കാദമി വിദ്യാർഥിയും സംഘടനാ പ്രവർത്തകനുമായിരുന്ന വിവേക് വിജയ്ഗിരിക്ക് എഐഎസ്എഫിന്റെ കാരണം കാണിക്കൽ നോട്ടീസ്.

എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് വിവേകിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനകം കേസ് പിൻവലിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതി പിന്‍വലിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെ ആണെന്ന് വിവേക് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് പിന്‍വലിക്കുന്ന കാര്യം കാനത്തിനും കാനം ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ അഡ്വ രഞ്ജിത്ത് തമ്പാനും അറിവുണ്ടായിരുന്നുവെന്നും പരാതിക്കാരന്‍ പറയുന്നു.

നേതൃത്വത്തോട് പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഒത്തു തീര്‍പ്പാക്കാന്‍ ചിലര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. പാര്‍ട്ടി സെക്രട്ടറിയെ നേരില്‍ കാണാന്‍ പോലും അനുവദിക്കാതെ ചിലര്‍ മധ്യസ്ഥത കളിച്ചു. പാടുപെട്ടാണ് അവസാനം കാനത്തെ കണ്ടതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. വളരെ ആലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചതെന്നും വിവേക് ഫേസ്‌ബുക്കിലൂടെ പറഞ്ഞു.
Next Article