ലക്ഷ്മി നായർ ഇല്ലാതെ ഇന്ന് ലോ അക്കാദമി തുറക്കും; കെ മുരളീധരൻ നിരാഹാരമിരിക്കും

വ്യാഴം, 2 ഫെബ്രുവരി 2017 (08:41 IST)
23 ആം ദിവസത്തിലേക്ക് കടക്കുകയാണ് വിദ്യാർത്ഥിക‌ളുടെ സമരം. പ്രിൻസിപ്പൽ കസേരയിൽ ലക്ഷ്മി നായർ ഇല്ലാതെ ഇന്ന് ക്ലാസുകൾ ആരംഭിക്കും. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് എസ് എഫ് ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ സമരം തുടരുന്നതിനിടെയിലാണ് അക്കാദമി വീണ്ടും തുറക്കുന്നത്.
 
അതേസമയം എ ഐ എസ് എഫ്, കെ എസ്‌ യു, എ ബി വി പി എന്നീ വിദ്യാര്‍ഥി സംഘടനകളുടെ സമരം ഇന്നും തുടരും. എസ് എഫ്‌ ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ കയറാന്‍ എത്തിയാല്‍ സംഘര്‍ഷമുണ്ടാകാനുളള സാധ്യതയും ക്യാംപസില്‍ നിലനില്‍ക്കുന്നുണ്ട്. അവരെ ക്ലാസിൽ കയറ്റില്ലെന്ന ഭീഷണിയും മുഴങ്ങുന്നുണ്ട്. ലോ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായര്‍ മാറിനിൽക്കണമെന്ന എസ് എഫ്‌ ഐയുടെ നിർദേശം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.
 
അതോടൊപ്പം, വിഷയത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഇന്നു മുതല്‍ നിരാഹാര സമരം ആരംഭിക്കും. രാവിലെ 10 മണിക്കാണ് മുരളീധരന്റെ സമരം ആരംഭിക്കുന്നത്.സര്‍ക്കാര്‍ മാനേജ്മെന്റിന് അനുകൂലനിലപാട് എടുക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച എ ബി വി പി വിദ്യാഭ്യാസ ബന്ദ് നടത്തും. 

വെബ്ദുനിയ വായിക്കുക