വധശ്രമം, കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചാലക്കുടി പോട്ട പുല്ലന്‍ വീട്ടില്‍ ഫിജോ എന്ന കുട്ടിച്ചാത്തന്‍ ഫിജോ (31) കഴിഞ്ഞ ദിവസം ചാലക്കുടി പൊലീസിന്‍റെ വലയിലായി. കുഴല്‍പ്പണ കൊള്ള ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഫിജോ പ്രതിയാണെന്ന് ചാലക്കുടി സി.ഐ എം.കെ.കൃഷ്ണന്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂര്‍ പൊന്നരാജപുരത്ത് വച്ച് ആഭരണ ശാലയിലേക്ക് കൊണ്ടുപോയ പതിമൂന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ഇയാള്‍ കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. ചാലക്കുടി ഡി.വൈ.എസ്.പി വാഹീദിന്‍റെ മേല്‍നോട്ടത്തിലായിരുന്നു പൊലീസ് അന്വേഷണം.
പൊലീസിനെ ആക്രമിക്കാന്‍ ഒരുങ്ങിയ ഫിജോയെ കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് വളരെ ശ്രമപ്പെട്ടാണു പിടികൂടിയത്. കൊരട്ടിയിലെ കെ.എം.സി കമ്പനി പ്രോജക്ട് മാനേജരുടെ വസതിയില്‍ നിന്ന് വിലയേറിയ സാധനങ്ങള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനൊടുവിലാണ് ഫിജോ പിടിയിലായത്.
പോട്ട ഇടിക്കൂടു പാലത്തിനടുത്ത് വച്ച് 2007 ല്‍ ചൊവ്വര സ്വദേശി ഷാനവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഫിജോ ചാലക്കുടി റയില്‍വേ സ്റ്റേഷനില്‍ നിന്നും വെള്ളാഞ്ചിറ നിന്നും പടിഞ്ഞാറെ ചാലക്കുടിയില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച കേസിലും പ്രതിയാണ്. ഇതിനൊപ്പം കൊണ്ടോട്ടിയില്‍ വച്ച് മഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദിനെ തട്ടിക്കൊണ്ടുപോയി ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസിലും വേങ്ങരയില്‍ മറ്റൊരാളെ തട്ടിക്കൊണ്ടുപോയ കേസിലും ഇയാള്‍ പ്രതിയാണ്.
വിദേശത്തു നിന്നയച്ച ചെക്ക് ലീഫുകള്‍ തട്ടിയെടുത്ത് ഏഴര ലക്ഷം രൂപ തട്ടിയെടുത്ത കേസിലും മൊബൈല്‍ ഷോപ്പില്‍ നിന്ന് വിലകൂടിയ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലും വാഹന മോഷണം നടത്തിയതിനു മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഒരു കേസിലും ഇയാള്‍ പ്രതിയാണ്. കാഞ്ഞൂര്‍ സ്വദേശിയായ യുവാവിനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.