കുട്ടനാട് മണ്ഡലം പിടിക്കാന്‍ ബി ഡി ജെ എസ് ദേശീയ സെക്രട്ടറി സുഭാഷ് വാസു എന്‍ ഡി എ സ്ഥാനാര്‍ഥി‍

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2016 (09:06 IST)
ബി ഡി ജെ എസിന്റെ ദേശീയ സെക്രട്ടറി സുഭാഷ് വാസു മത്സരിക്കുന്ന കുട്ടനാട്ടില്‍ എന്‍ ഡി എ ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മത്സരിക്കുന്ന മുപ്പത്തിയേഴ് സീറ്റില്‍ ബി ഡി ജെ എസ് കുട്ടനാടിന്റെ കാര്യത്തില്‍ കാര്യമായ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. കൂടാതെ, എസ് എന്‍ ഡി പി നേതൃത്വം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്ന പ്രധാനപ്പെട്ട മണ്ഡലവുമാണ് കുട്ടനാട്.

മണ്ഡലത്തിലെ വികസന പ്രശ്നങ്ങളെ എടുത്ത് പറഞ്ഞ് വീടുകള്‍ കയറിയിറങ്ങിയാണ് പ്രചാരണം. മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ എസ് എന്‍ ഡി പി ശാഖകള്‍, മൈക്രോ ഫിനാന്‍സ് ഗ്രൂപ്പുകള്‍ തുടങ്ങിയവയേയും രംഗത്തിറക്കിയിട്ടുണ്ട്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പ്രധാന മന്ത്രിയെ കുട്ടനാട്ടിലെത്തിക്കാനുള്ള ശ്രമവും മുന്നണി നേതൃത്വം നടത്തുന്നുണ്ട്.

എസ് എന്‍ ഡി പി യോഗത്തിന്റെ വിവിധ സംരംഭങ്ങളുടെ നേതൃസ്ഥാനത്തുള്ള സുഭാഷ് വാസു യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന വ്യക്തികൂടിയാണ്. അതുകൊണ്ട് തന്നെ സുഭാഷ് വാസുവിന്റെ പെട്ടിയിൽ കൂടുതല്‍ വോട്ടെത്തിക്കുകയെന്നത് എസ് എന്‍ ഡി പിയുടെ അഭിമാന പ്രശ്നവുമാണ്‍. മികച്ച പ്രവര്‍ത്തനത്തിലൂടെ കുട്ടനാട്ടില്‍ അക്കൌണ്ട് തുറക്കാനാണ് ബി ഡി ജെ എസ് ശ്രമിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം