വെള്ളാപ്പള്ളിയെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്നു, ഇത് പക പോക്കൽ രാഷ്ട്രീയം : കുമ്മനം

Webdunia
വ്യാഴം, 14 ജൂലൈ 2016 (18:08 IST)
ഇടതു മുന്നണിയുടെ രാഷ്ട്രീയ അസഹിഷ്ണുത കൊണ്ടാണ് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളുടേയും ജനവിരുദ്ധ നയങ്ങൾ വെള്ളാപ്പള്ളി തുറന്ന് കാണിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതെന്നും കുമ്മനം പറഞ്ഞു.
 
എസ് എൻ ഡി പി യോഗം മൈക്രോഫിനാൻസ് പദ്ധതി വർഷങ്ങളായി നടത്തി വരികയാണ്. അപ്പോഴൊന്നും ആരും സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചിട്ടില്ല. ഇരു മുന്നണികളേയും എതിര്‍ക്കുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം തുഷാർ വെള്ളാപ്പള്ളി ഉണ്ടാക്കിയപ്പോൾ മാത്രം ക്രമക്കേട് ആരോപിച്ച് കേസെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ഇതുകൊണ്ടൊന്നും ബി ഡി ജെ എസിന്റെ സ്വാധീനം ഇല്ലാതാക്കാൻ കഴിയില്ലെന്നും കുമ്മനം വ്യക്തമാക്കി.
 
യു ഡി എഫ് സർക്കാരിന്റെ കാലത്ത് കോടികളുടെ അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന എൽ ഡി എഫ് സർക്കാർ വെള്ളാപ്പള്ളിയെ തെരഞ്ഞു പിടിച്ച് കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയാണ്. ഇത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് ചേർന്നതല്ല. എസ് എൻ ഡി പിയുടെ താലൂക്ക് യൂണിയനുകൾ  നേരിട്ടാണ് മൈക്രോഫിനാൻസ് പദ്ധതി പ്രകാരം പണം വാങ്ങി ഉപയോഗിക്കുന്നത് എന്ന് എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. യാഥാർത്ഥ്യം ഇതായിരിക്കെ സംസ്ഥാന ജനറൽ സെക്രട്ടറിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് തെരഞ്ഞെടുപ്പിൽ ബി ഡി ജെ എസിന്റെ പിന്തുണ കിട്ടാത്തതിലുള്ള പക കൊണ്ടാണെന്നും കുമ്മനം പ്രസ്ഥാവനയിൽ പറഞ്ഞു.
Next Article