അടൂരിനെന്തിനാണ് ശ്രീരാമനോട് വിരോധം? - ചോദ്യങ്ങളുമായി കുമ്മനം രാജശേഖരൻ

ശനി, 27 ജൂലൈ 2019 (09:27 IST)
അടൂര്‍ ഗോപാലകൃഷ്ണനെതിരേ ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. ശ്രീരാമനെ അടൂരിനെപ്പോലെയുള്ളവര്‍ വര്‍ഗീയമായി ചിത്രീകരിക്കുന്നുവെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്. മതത്തിന്റെ പേരിലുളള ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അടൂരടക്കമുള്ളവർ കത്തെഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനം അടക്കമുള്ളവർ അടൂരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 
 
ജയ് ശ്രീറാം വിളിയോട് അടൂരിനെന്തിനാണ് അസഹിഷ്ണുതയെന്നും കുമ്മനം ചോദിച്ചു. അടൂരിനെന്തുകൊണ്ടാണ് ശ്രീരാമനോടു വിരോധമെന്നറിയില്ല. ജയ്ശ്രീറാം വിളി എങ്ങനെയാണ് തൊട്ടുകൂടാത്തതായത്? ജനം ശ്രീരാമനെ മര്യാദാപുരുഷോത്തമനായാണു കാണുന്നത്.ആ ശ്രീരാമനെയാണ് അടൂരിനെപ്പോലുള്ളവര്‍ വര്‍ഗീയമായി ചിത്രീകരിക്കുന്നത്. - കുമ്മനം പറഞ്ഞു.
 
ഇന്നലെ  രാവിലെ മുതല്‍ അടൂര്‍ ഗോപാലകൃഷ്ണന് ഫോണിലൂടെ നിരന്തരം ഭീഷണി ലഭിച്ച് കൊണ്ടിരിക്കുകയാണ്. ഉച്ചക്ക് 12 വരെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്ന് കൊണ്ടിരുന്നു. ജയ് ശ്രീറാം വിളിക്കാനാണ് ഫോണില്‍ വിളിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഫോണിലൂടെയുളള ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ അടൂര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
 
ഭീഷണിക്ക് വഴങ്ങില്ലെന്ന് അടൂര്‍ വ്യക്തമാക്കിയതോടെയാണ് സംഘപരിവാറുകള്‍ കൂടുതല്‍ പ്രകോപിതരായത്. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് പ്രതിഷ്ഠിച്ച അടൂരിനെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമായ സന്ദേശമാണ് ഇതിലൂടെ സംഘപരിവാര്‍ നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍