സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുടെ വായില്‍ നിന്നും വരുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശബ്ദമാണെന്ന് കുമ്മനം രാജശേഖരന്‍. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഉത്തരവും വന്നു കഴിഞ്ഞു. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ ആര്‍.എസ്. എസ്.മായി താരതമ്യം ചെയ്ത് ഇസ്ലാമിക ഛിദ്രശക്തികളുടെ പിന്തുണ ഉറപ്പു വരുത്തുവാനുള്ള മത്സരത്തിലാണ് സി.പി.എം. ഉം കോണ്‍ഗ്രസും .
ആര്‍. എസ്.എസ്.നെ ആദ്യം നിരോധിക്കണമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആവശ്യം. പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ഒരു പോലെയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നത്. ഇരു നേതാക്കളുടെയും നാവിലൂടെ പുറത്തുവന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശബ്ദമാണ്. പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞിരുന്നത് ആവര്‍ത്തിക്കുക മാത്രമാണ് ഈ നേതാക്കള്‍ ചെയ്യുന്നത്.
ഭാരതത്തെ അമ്മയായി കാണുകയും ഭാരതാംബയെ ലോകത്തിലെ പരമവൈഭവത്തിലെത്തിക്കുമെന്നും പ്രതിജ്ഞ ചെയ്ത് അതിനായി തനവും മനവും ധനവും സമര്‍പ്പണം ചെയ്യുന്ന ആര്‍.എസ്.എസ്. എവിടെ, ഭാരതത്തെ പല കഷണങ്ങളാക്കി മുറിച്ച് ഇവിടം പാകിസ്താന് അടിയറ വയ്ക്കുവാന്‍ പ്രതിജ്ഞാബദ്ധരായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ എവിടെ ? സത്യാവസ്ഥ അറിയാതെയല്ല ദുഷ്പ്രചരണം. രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഇവിടെ ഭീകരവാദികളുടെ താവളമാക്കാന്‍ ശ്രമിക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച നിലപാടുകളുമായി പോകുമ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ് ഈ അവസരവാദികള്‍.
ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഇന്ത്യന്‍ ഏജന്റുമാരായ പോപ്പുലര്‍ ഫ്രണ്ടു മായും അവരുടെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐ.യുമായും തരം പോലെ രഹസ്യ ബാന്ധവത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സി.പി.എം. ഉം കോണ്‍ഗ്രസും അവരെ വെള്ള പൂശാന്‍ ഇറങ്ങിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.
സ്വന്തം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവ് അഭിമന്യുവിനെ നിഷ്ഠൂരമായി വധിച്ചിട്ടും കുറ്റകൃത്യം നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെപ്പറ്റി നിശബ്ദത പാലിച്ച സി.പി.എം. നിലപാട് കേരളം മറന്നിട്ടില്ല. നബി നിന്ദ നടത്തിയെന്ന് പ്രചരിപ്പിച്ച് കോളേജ് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തില്‍ സി.പി.എം നേതാവും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി കുറ്റം കണ്ടത് പോപ്പുലര്‍ ഫ്രണ്ടിലായിരുന്നില്ല , അധ്യാപകനിലായിരുന്നു. ഇതിന്റെ രാഷ്ട്രീയവും എല്ലാവര്‍ക്കുമറിയാം. ഒന്നോര്‍ക്കുക - രാഷ്ട്രമില്ലെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയം ഇല്ല.
കേരളത്തെ മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് മുഖ്യമന്ത്രിയായിരിക്കെ സി.പി.എം. ന്റെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതിനെപ്പറ്റി പാര്‍ട്ടി നേതാക്കള്‍ക്ക് ഓര്‍മ്മയുണ്ടോ ആവോ !