പാര്‍ട്ടിയുടെ നിയന്ത്രണം കുമ്മനം വിഭാഗത്തിന്റെ കൈകളിലേക്ക്; സുരേന്ദ്രനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി

തിങ്കള്‍, 6 നവം‌ബര്‍ 2017 (14:01 IST)
സംസ്ഥാന ബിജെപി ഘടകത്തില്‍ നിലനിന്നിരുന്ന പടലപ്പിണക്കം മറനീക്കി പുറത്തേക്ക്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പക്ഷത്തെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ യുവമോര്‍ച്ചയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കി.

സുരേന്ദ്രനെ ഒഴിവാക്കിയ സ്ഥാനത്തേക്ക് കുമ്മനത്തിന്റെ അടുപ്പക്കാരനായാ എംടി രമേശിനെ നിയോഗിച്ചു. പാര്‍ട്ടിയുടെ കേന്ദ്ര സ്ഥാനങ്ങളില്‍ നിന്ന് സുരേന്ദ്രനെ നീക്കിയതിനൊപ്പം യുവമോര്‍ച്ചയ്‌ക്കൊപ്പം മധ്യമേഖല ഒബിസി മോര്‍ച്ച എന്നിവയുടെ ചുമതലകൂടി രമേശിന് നല്‍കി.

സുരേന്ദ്രനെ ചുമതലകളില്‍ നിന്നും പൂര്‍ണ്ണമായി നീക്കുന്നത് വിവാദത്തിന് കാരണമായേക്കം എന്ന ആശങ്ക മുന്‍ നിര്‍ത്തി വടക്കന്‍ മേഖലയിലെ കര്‍ഷക മോര്‍ച്ചയുടെ ചുമതല അദ്ദേഹത്തിന് നല്‍കി.

പാര്‍ട്ടി ആസ്ഥാനം ഉള്‍പ്പെടെ ദക്ഷിണമേഖലയുടെ ചുമതല ഉണ്ടായിരുന്ന സുരേന്ദ്രനെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിന്നും നീക്കിയത് കുമ്മനം വിഭാഗത്തിന്റെ ഇടപെടല്‍ മൂലമാണ്.

പാര്‍ട്ടിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാ കമ്മറ്റികളുടെയും ചുമതലകള്‍ പുതുക്കി നിശ്ചയിച്ചതോടെ പാര്‍ട്ടി പൂര്‍ണ്ണമായും കുമ്മനം വിഭാഗത്തിന്റെ കൈകളിലായി. പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തിന്റെ ചുമതലയും നിലവില്‍ രമേശിനാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍